2011 നവംബർ 3, വ്യാഴാഴ്‌ച

കവിത.
ചില പ്രവാസക്കനവുകള്‍
നീല നിലാവില്‍ മിന്നി മിന്നിമിനുങ്ങും
അറബിക്കടലിന്നോളങ്ങള്‍ക്കൊപ്പം
കളിച്ചും ചിരിച്ചും കഥകള്‍ പറഞ്ഞും
തമ്മില്‍ കലിതുള്ളിപ്പിണങ്ങിക്കുതിച്ചും
കാണാമറയത്തെത്തീരങ്ങള്‍ തേടി
കാണാക്കിനാവുമായലയുന്ന കാറ്റേ
നിന്‍, ചിറകിലൊരപ്പൂപ്പന്‍താടിയായ്‌ ഞാനും
അലകടലിനക്കരെപ്പറന്നിരുന്നെങ്കില്‍...?
നാട്ടിലെയോലക്കുടിലിന്‍റെ മുറ്റത്തെന്‍
വാടിയ കനവുകള്‍ നട്ടുനനച്ചിടാം,
വിരഹം വിതുമ്പിയുറങ്ങും സഖിയുടെ
അധരദളങ്ങളില്‍ മധുമുത്തമേകാം,
തൊട്ടിലിലാടുമെന്‍ പൈതലുറങ്ങാന്‍
പ്രിയതമയോടൊത്ത് താരാട്ട് പാടാം,
താരാട്ട് മുറിയുമ്പോള്‍ കുസൃതിച്ചിരിയോടെ
മിഴി ചിമ്മും കുട്ടനെ വാരിയെടുക്കാം,
കള്ളന്‍,! നീ ഞങ്ങള്‍ക്കമൃതെന്നു കൊഞ്ചി
മാറോടണച്ചവനെ പ്പുണര്‍ന്നുറങ്ങാം.
സുന്ദര സ്വപ്നത്തിന്‍ പാതിയില്‍ നീയെന്നെ
തട്ടിയുണര്‍ത്തല്ലേ തെമ്മാടിക്കാറ്റേ !

സാക്കിര്‍ ഹുസൈന്‍. കൊട്ടിയം.